ഇടുക്കി: അടിമാലി തോക്കുപാറയിൽ നവജാത ശിശുവിന്റെ മൃതദേഹം സ്വകാര്യ പുരയിടത്തിൽ കണ്ടെത്തി. ശങ്കുപ്പടി സൗഹൃദഗിരിയിലെ അങ്കണവാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ 25കാരി പൊലീസ് നിരീക്ഷണത്തിലാണ്.
രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയ യുവതിയുടെ പരിശോധനയിലാണ് അടുത്തിടെ പ്രസവം നടന്നതായി വ്യക്തമായത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. വെള്ളത്തൂവൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതശരീരം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കുഞ്ഞിന്റെ മരണകാരണവും സംഭവത്തിന്റെ സാഹചര്യങ്ങളും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.
